ന്യൂഡൽഹി: ഇന്നു നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് നാഗ്പുർ സ്വദേശിയായ വിദ്യാർഥിക്കു പരീക്ഷാകേന്ദ്രമായി ലഭിച്ചത് അബുദാബിയിലെ സ്കൂൾ.
പുനഃപരീക്ഷയ്ക്കായി പുതുക്കിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തപ്പോഴാണ് നാഗ്പുർ സരസ്വതി വിദ്യാലയത്തിൽ പരീക്ഷയെഴുതേണ്ടിയിരുന്ന അബ്ദുള്ള മുഹമ്മദ് താലിബ് എന്ന വിദ്യാർഥി തനിക്ക് അബുദാബി ഇന്ത്യൻ സ്കൂളിലാണ് കേന്ദ്രം അനുവദിച്ചതെന്ന് അറിയുന്നത്.
എന്നാൽ, പുനഃപരീക്ഷയ്ക്കായി സെന്റർ തിരുത്തുന്നതിന് എൻടിഎ തുറന്ന പോർട്ടൽ വഴി വിദ്യാർഥിയുടെ സ്വന്തം ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചാണു പരീക്ഷാകേന്ദ്രം അബുദാബിയിലേക്കു മാറ്റിയതെന്നാണ് എൻടിഎയുടെ വിശദീകരണം.
വിദ്യാർഥിയുടെ അക്കൗണ്ടിൽനിന്ന് ഒരുതവണ പരീക്ഷാകേന്ദ്രം അബുദാബിയിലേക്കു മാറ്റിയതായും പിന്നീട് രണ്ടുതവണ ഇത് പ്രിവ്യൂ ചെയ്തു നോക്കിയതായും വെബ് ആക്ടിവിറ്റി റെക്കോർഡുകൾ വ്യക്തമാക്കുന്നതായി എൻടിഎ അറിയിച്ചു.
എങ്കിലും പരീക്ഷയ്ക്ക് വെറും 48 മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോൾ 19ന് വൈകുന്നേരം പരീക്ഷാകേന്ദ്രം നാഗ്പുരിലേക്കു മാറ്റിത്തരണമെന്നാവശ്യപ്പെട്ടു ലഭിച്ച അനൗദ്യോഗിക അഭ്യർഥനയെത്തുടർന്ന് ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ട് പരീക്ഷാകേന്ദ്രം നാഗ്പുരിലേക്കു മാറ്റിനൽകിയതായും എൻടിഎ അറിയിച്ചു.